തലയോലപ്പറമ്പ്: കളിക്കുന്നതിനിടയിൽ ആഴമേറിയ കിണറ്റിൽ വീണ ഒന്നരവയസുകാരിയെ അധ്യാപകൻ സാഹസികമായി രക്ഷപ്പെടുത്തി.
തൃക്കാക്കര കാർഡിനൽ ഹൈസ്കൂൾ അധ്യാപകനായ തലയോലപ്പറമ്പ് വടയാർ ചെറുതോട്ടുപുറത്ത് ബെന്നി ജോർജാണ് കിണറ്റിൽ ചാടി കുഞ്ഞിനെ രക്ഷപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 8.45ഓടെയായിരുന്നു സംഭവം.
ബെന്നി ജോർജ് മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഭാര്യ ഷിനുമോളെ യാത്രയാക്കുന്നതിനിടെയാണ് 300 മീറ്ററോളം അകലെയുള്ള കിണറ്റിൽ കുഞ്ഞ് വീണതായി അറിയുന്നത്.
ഉടൻ അവിടേക്കെത്തിയ ബെന്നി കിണറ്റിലിറങ്ങി ആഴങ്ങളിലേക്ക് താഴ്ന്നുപോകുകയായിരുന്ന കുഞ്ഞിനെ എടുത്തുയർത്തി തോളിൽ കമഴ്ത്തിക്കിടത്തി പുറത്തു തലോടി വെള്ളം പുറത്തേക്ക് ഒഴുക്കി. ഇതിനിടയിൽ കിണറ്റിലേക്ക് ഇറങ്ങിവന്ന ബെന്നിയുടെ മകനും മാധ്യമസ്ഥാപനത്തിലെ ഉദ്യോഗസ്ഥനുമായ ബെൻവിന്നിനു കുഞ്ഞിനെ കൈമാറി.
കരയ്ക്കെത്തിയ ബെൻവിന്നിൽനിന്നു കുഞ്ഞിനെ വാങ്ങിയ ഷിനുമോൾ വായ് ഉപയോഗിച്ച് കുഞ്ഞിന്റെ മൂക്കിൽനിന്നു വെള്ളം വലിച്ചെടുത്തതോടെ കുഞ്ഞ് കരഞ്ഞു. കുഞ്ഞിനെ പിന്നീട് പൊതിയിലെ സ്വകാര്യ അശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകി.